Jump to Content

PUBLISHED BY:

logo2.webp

IND vs WI T20: സഞ്ജുവിന്റെ വെടിക്കെട്ട് മതിയായില്ല, ഇന്ത്യയുടെ തോൽവിക്ക് ഇക്കാരണങ്ങൾ; ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കും വിമർശനം

IND vs WI T20: ഇന്ത്യയുടെ തോൽവിയുടെ പ്രധാന കാരണം ബൗളിങ് തന്നെയാണ്. സ്വന്തം തട്ടകത്തിൽ 247 റൺസ് വഴങ്ങുകയെന്നത് ഇന്ത്യയുടെ ബൗളിങ് നിര എത്രത്തോളം ദുർബലമാണെന്ന് തുറന്ന് കാട്ടുന്നതാണ്. ഇന്ത്യയുടെ ഒരു ബൗളർക്കും റണ്ണൊഴുക്ക് തടയാൻ സാധിച്ചില്ലെന്നതാണ് സത്യം.

ഹൈലൈറ്റ്:

*അഞ്ച് മത്സര പരമ്പരയിൽ 2-2 എന്ന നിലയിൽ
*ഇന്ത്യയുടെ ബൗളിങ് നിര നിരാശപ്പെടുത്തി
*സഞ്ജു സാംസൺ ഫിഫ്റ്റി നേടി തിളങ്ങി

why-india-lose-against-west-indies1.webp

സഞ്ജു സാംസൺ, ശ്രേയസ് അയ്യർ, മായങ്ക് യാദവ്(ഫോട്ടോസ്- Agencies)

വെസ്റ്റ് ഇൻഡീസിനെതിരായ നാലാം ടി20യിൽ ഇന്ത്യ തോൽവി നേരിട്ടിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് മൂന്ന് വിക്കറ്റിന് 247 റൺസെടുത്തപ്പോൾ മറുപടിക്കിറങ്ങിയ ഇന്ത്യക്ക് 19.3 ഓവറിൽ 223 റൺസെടുക്കാനെ സാധിച്ചുള്ളു. ഇതോടെ 24 റൺസിന്റെ ജയം വിൻഡീസ് സ്വന്തമാക്കി.

പരമ്പരയിൽ ഇരുടീമും 2-2 എന്ന നിലയിലേക്കെത്തിയതോടെ അവസാന മത്സരം പരമ്പര വിജയിയെ തീരുമാനിക്കുന്നതിൽ നിർണ്ണായകമാവും. ഇന്ത്യയെ സംബന്ധിച്ച് വലിയ നാണക്കേടായി വിൻഡീസ് ടി20 പരമ്പര മാറുകയാണ്. നാലാം ടി20യിലെ ഇന്ത്യയുടെ തോൽവിക്ക് കാരണങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ഇന്ത്യയുടെ തോൽവിയുടെ പ്രധാന കാരണം ബൗളിങ് തന്നെയാണ്. സ്വന്തം തട്ടകത്തിൽ 247 റൺസ് വഴങ്ങുകയെന്നത് ഇന്ത്യയുടെ ബൗളിങ് നിര എത്രത്തോളം ദുർബലമാണെന്ന് തുറന്ന് കാട്ടുന്നതാണ്. ഇന്ത്യയുടെ ഒരു ബൗളർക്കും റണ്ണൊഴുക്ക് തടയാൻ സാധിച്ചില്ലെന്നതാണ് സത്യം. യുവ പേസർ മായങ്ക് യാദവ് നാല് ഓവറിൽ വിക്കറ്റ് വീഴ്ത്താതെ 52 റൺസ് വഴങ്ങിയപ്പോൾ ഇടം കെെയൻ പേസർ അർഷ്ദീപ് സിങ് ഒരു വിക്കറ്റ് വീഴ്ത്തിയെങ്കിലും 52 റൺസാണ് വിട്ടുകൊടുത്തത്.

അക്ഷർ പട്ടേൽ നാല് ഓവറിൽ 45 റൺസ് വഴങ്ങി ഒരു വിക്കറ്റ് നേടിയപ്പോൾ നമാൻ ധിർ ഒരോവറിൽ 19 റൺസാണ് വിട്ടുകൊടുത്തത്. നിതീഷ് കുമാർ മൂന്ന് ഓവറിൽ 39 റൺസാണ് നേടിയത്. പ്രിൻസ് യാദവ് നാല് ഓവറിൽ 36 റൺസ് വഴങ്ങി ഒരു വിക്കറ്റ് നേടിയത് മാത്രമാണ് എടുത്തു പറയാൻ സാധിക്കുന്നത്. ഇന്ത്യയുടെ ബൗളർമാരുടെ നിരാശപ്പെടുത്തുന്ന പ്രകടനം പരമ്പരയിലുടെനീളം ഇന്ത്യയെ ബാധിച്ചു..

രണ്ടാമത്തെ കാര്യം ടോപ് ഓഡറിന്റെ ബാറ്റിങ്ങാണ്. ഇന്ത്യയുടെ നട്ടെല്ല് എന്ന് പറയാവുന്നത് ടോപ് ത്രീയുടെ ബാറ്റിങ്ങാണ്. ഇവരുടെ പ്രകടനമാണ് ഇന്ത്യയുടെ ജയത്തിൽ നിർണ്ണായകമാവുന്നത്. എന്നാൽ നാലാം ടി20യിൽ ടോപ് ത്രീയിൽ സഞ്ജു സാംസൺ മാത്രമാണ് തിളങ്ങിയത്. സഞ്ജു 23 പന്തിൽ ആറ് ഫോറും നാല് സിക്സും ഉൾപ്പെടെ 56 റൺസുമായി തിളങ്ങി..

എന്നാൽ അഭിഷേക് ശർമ 24 പന്തിൽ 29 റൺസാണ് നേടിയത്. മൂന്ന് ഫോറും ഒരു സിക്സും നേടിയ അഭിഷേകിന്റെ സ്ട്രെെക്ക് റേറ്റ് 120.83 മാത്രമാണ്. അഭിഷേകിൽ നിന്ന് ഇത്തരമൊരു പ്രകടനം അപൂർവ്വമാണെന്ന് തന്നെ പറയാം. ഇഷാൻ കിഷൻ മൂന്ന് പന്തിൽ ആറ് റൺസാണ് നേടിയത്. അഭിഷേകിന്റെയും ഇഷാന്റേയും മോശം പ്രകടനം ഇന്ത്യയെ കാര്യമായി ബാധിച്ചു.

ക്യാപ്റ്റനെന്ന നിലയിൽ ശ്രേയസ് അയ്യർ വിമർശനം അർഹിക്കുന്നു. ബൗളിങ് മാറ്റങ്ങളിലും ഫീൽഡ് വിന്യാസത്തിലും ശ്രേയസ് മികവ് കാട്ടിയില്ല. ബാറ്റിങ്ങിലേക്ക് വരുമ്പോഴും മുന്നിൽ നിന്ന് നയിക്കാൻ ശ്രേയസിന് സാധിക്കാതെ പോയി. 11 പന്തിൽ 16 റൺസാണ് ശ്രേയസ് നേടിയത്. മഞ്ഞ് വീഴ്ചയില്ലാത്ത പിച്ചിൽ ടോസ് നേടിയിട്ടും രണ്ടാമത് ബാറ്റ് ചെയ്യാനുള്ള തീരുമാനവും വിമർശനം നേരിടുന്നുണ്ട്.

sanju-samson.webp

തിലക് വർമ ഭേദപ്പെട്ട പോരാട്ടം പുറത്തെടുത്തു. 25 പന്തിൽ 43 റൺസെടുത്ത തിലക് വർമയുടെ വിക്കറ്റ് മത്സരഫലത്തിൽ നിർണ്ണായകമായി. മൂന്ന് സിക്സും രണ്ട് ഫോറും ഉൾപ്പെടെ താരം കത്തിക്കയറവെ റൊമാരിയോ ഷിഫേർഡ് വിക്കറ്റ് നേടി തിലകിനെ പൂട്ടിയത് മത്സരത്തിൽ വഴിത്തിരിവായി മാറി. നിതീഷ് കുമാർ റെഡ്ഡി 20 പന്തിൽ ഒരു ഫോറും നാല് സിക്സും ഉൾപ്പെടെ 41 റൺസോടെ പൊരുതി നോക്കിയെങ്കിലും വിജയിക്കാൻ അത് മതിയാവുമായിരുന്നില്ല.

രചയിതാവിനെക്കുറിച്ച്
വിഷ്ണു പ്രസാദ് എസ്

സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മംഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭി്...കൂടുതൽ വായിക്കുക

Disclosure:

Google has paid for the license to display this article to users on Google products for the purpose of showing the journalism facilitated through the use of Google’s tools for news publishers.